നരിക്കുനി: ആറംഗകുടുംബം താമസിക്കുന്ന വീടിന്റെ മേൽക്കൂര നിലംപൊത്തി. സംഭവസമയം വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പഞ്ചായത്തിലെ നാലാം വാർഡിൽ കരുവൻപൊയിൽ ശ്രീമതിയും കുടുംബവും താമസിക്കുന്ന ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര മുഴുവനായും ചൊവ്വാഴ്ച 11 മണിയോടെ നിലംപതിക്കുകയായിരുന്നു.
വീട്ടിൽ ശ്രീമതിയോടൊപ്പം മകൻ ഗിരീഷും ഭാര്യയും മൂന്നു മക്കളുമാണ് താമസിക്കുന്നത്. ശ്രീമതി തൊഴിലുറപ്പ് പദ്ധതിയിൽ സ്കൂൾ ശുചീകരണത്തിനും മകൻ ഗിരീഷ് കൂലിപ്പണിക്കും ഗിരീഷിന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലും പോയതിനാൽ ദുരന്തം വഴിമാറുകയായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാരും വിവിധ സാമൂഹിക, സന്നദ്ധ പ്രവർത്തകരും മഴവില്ല് റെസിഡന്റ്‌സ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, വാർഡ് മെമ്പർമാരായ കെ.കെ. ലതിക, ടി. രാജു, ചന്ദ്രൻ, അബ്ദുൽ മജീദ് താലപ്പൊയിൽ, താമരശ്ശേരി താലൂക്കിൽനിന്നും ഡെപ്യൂട്ടി തഹസിൽദാർ ശശിധരൻ കുളങ്ങര, ജീവനക്കാരായ രാജീവൻ, വിനോദൻ തുടങ്ങിയവരും വീട് സന്ദർശിച്ചു.
The roof of the house was razed to the ground in Narikuni






















