ഓമശ്ശേരി : സംസ്ഥാനപാത നവീകരണ പ്രവൃത്തിക്കിടെ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെ, പതിനഞ്ചു ദിവസത്തിലേറെയായി കുടിവെള്ളം മുടങ്ങി നൂറോളം കുടുംബങ്ങൾ. മുക്കം നഗരസഭയിലെ തടപ്പറമ്പ് കോളനിയിലെ കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ കലുങ്കിന്റെ നിർമാണപ്രവൃത്തി നടക്കുന്നുണ്ട്. ഇതിനിടെ ടാങ്കിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പ് പൊട്ടിപ്പോവുകയായിരുന്നു. പൊട്ടിയഭാഗത്ത് കരാറുകാർതന്നെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തൊട്ടടുത്തുള്ള പൈപ്പ് വീണ്ടും പൊട്ടി. ജി.ഐ. പൈപ്പ് പി.വി.സി. പൈപ്പുമായി കൂടിച്ചേരുന്ന സ്ഥലത്താണ് പൊട്ടിയത്. സംസ്ഥാനസർക്കാരിന്റെ പട്ടികജാതി, പട്ടികവർഗ വികസനഫണ്ടിൽനിന്നനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് തടപ്പറമ്പ് ഐ.എച്ച്.ഡി.പി. കോളനി കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. മുന്നൂറ് മീറ്ററോളം ദൂരം സംസ്ഥാനപാതയ്ക്കരികിലൂടെ കടന്നുപോകുന്ന പൈപ്പ് പലയിടത്തും മണ്ണിനുമുകളിലാണ് കിടക്കുന്നത്.
നിർമാണസമയത്ത് പൈപ്പുകൾ വേണ്ടത്ര ആഴത്തിൽ സ്ഥാപിക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ള പദ്ധതിയുടെ നിർമാണഘട്ടത്തിൽതന്നെ പൈപ്പുകൾ മൂന്നടിയോളം ആഴത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാർ അംഗീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. പലസ്ഥലത്തും മണ്ണിനു മുകളിലൂടെയും പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനപാതയുടെ ഇരുവശത്തും ഓവുചാൽ നിർമിക്കാനുള്ളതിനാൽ ഈ പൈപ്പുകൾ ഇനിയും പൊട്ടുമെന്ന് ഉപഭോക്താക്കൾ പറയുന്നു. അതുകൊണ്ടുതന്നെ ഈ പൈപ്പിലൂടെ എന്ന് കുടിവെള്ളം ലഭിക്കുമെന്ന് ആർക്കും ഒരു ഉറപ്പുമില്ല.
മഴപെയ്യുമ്പോൾ മുറ്റത്ത് പാത്രംവെച്ച് വെള്ളം ശേഖരിച്ചും സ്വകാര്യ ജലവിതരണ ഏജൻസിക്ക് വൻതുകനൽകി കുടിവെള്ളം വാങ്ങിയുമാണ് പ്രാഥമികകാര്യങ്ങൾക്ക് ജലം കണ്ടെത്തുന്നത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് നിർധനകുടുംബങ്ങൾ ലോഡിന് ആയിരംരൂപനൽകി വെള്ളം വാങ്ങുന്നത്.
കുടിവെള്ളപ്രശ്നം ഒട്ടേറെത്തവണ നഗരസഭാ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. അധികൃതർ ഇടപെട്ട് എത്രയുംവേഗം കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഉപഭോക്താക്കൾ പറയുന്നു.
drinking water stopped; About 100 families in distress






















